Friday, July 29, 2011

മേരിക്കുണ്ടൊരു കുഞ്ഞാട്

പള്ളി.

മലയാളം മാത്രം അറിയുന്ന അപു അപ്പന്റെ മടിയിലിരുന്ന് ഇംഗ്ലിഷ് കുർബാന കാണുന്നു. കലാശക്കൊട്ടിനു മുൻപ് അവസാനത്തെ പ്രാർത്ഥന, ഹെയിൽ മേരി, ഫുൾ ഓഫ് ഗ്രേസ്.. അപുവിനു ആകെ മനസിലായത് ആ ഒരു വാക്കാണ്. പിന്നെ വെച്ച് താമസിപ്പിച്ചില്ല, ഫുൾ വോളിയത്തിൽ കണ്‌ഠ ശുദ്ധി വരുത്താതെ തന്നെ തുടങ്ങി, മേരിക്കുണ്ടൊരു കുഞ്ഞാട്, മേനി വെളുത്തൊരു കുഞ്ഞാട്...

നമുക്ക് വീട്ടിൽ ചെന്നിട്ട് പാടാം എന്ന് ചെവിയിൽ പറഞ്ഞതൊന്നും വിലപ്പോയില്ല. പ്രാർത്ഥന തീർന്നിട്ടും പാട്ട് അവസാനിപ്പിക്കാത്ത അപുവിനെയും കൊണ്ട് അപ്പയും അമ്മയും സ്ഥലം കാലിയാക്കിയെന്ന് പറഞ്ഞാൽ മതിയല്ലോ..!

Labels:

Friday, February 25, 2011

ഗദമാൻ

അപു സ്കൂളിൽ പോകാൻ തുടങ്ങിയിട്ട് ഒരു മാസമാകാൻ പോകുന്നു. സ്കൂളിലേക്കുള്ള വഴിയിലെ രണ്ട് ഫ്ലൈ ഓവറുകൾ കയറിയിറങ്ങുന്നതാ‍ണ് ആ യാത്രയിലെ അവന്റെ ഏറ്റവും വലിയ സന്തോഷമെന്ന് തോന്നും മുഖം കണ്ടാൽ. ഫ്ലൈ ഓവർ ദൂരെ നിന്ന് കണ്ട് തുടങ്ങുമ്പോഴേ മുഖം തെളിയും, നമ്മൾ കയറിയോ എന്ന് ചോദിച്ച് തുടങ്ങും. ഫ്ലൈ ഓവറിന്റെ മുകളിലെത്തിക്കഴിഞ്ഞാലോ ഇറങ്ങാൻ പോകുന്നതിന്റെ ആവേശം.

ഇന്നലെ ഫ്ലൈ ഓവറിന്റെ പകുതിയെത്തിയപ്പോഴാണ് പാലത്തിന്റെ ഒരു വശത്ത് നിന്ന് അധികം ദൂരെയല്ലാതെ ഒരു വലിയ പ്രതിമ അപു കാണുന്നത്. ഇത്രയും കാലം അതവിടെയുണ്ടായിരുന്നത് അവൻ ശ്രദ്ധിച്ചിരുന്നില്ലെന്ന് മനസ്സിലായത് ചോദ്യം കേട്ടപ്പോഴാണ്. അതെന്താ അമ്മേ? അതോ, അതാണ് ഹനുമാൻ. എത്ര വലുതാണല്ലേ എന്ന് ചോദിച്ച് അമ്മയും അമ്പരപ്പെട്ടു. കയ്യിൽ ഗദ ഉണ്ടല്ലോ? എന്ന് തനിയെ പറഞ്ഞ് അപുവിന്റെ ശ്രദ്ധ പതിയെ ഫ്ലൈ ഓവർ ഇറങ്ങുന്നതിലേക്കായി.

അമ്മയ്ക്ക് രാവിലെ ഒരു മീറ്റിംഗുണ്ടായിരുന്നത് കൊണ്ട് ഇന്ന് രാവിലെ അപുവിനെ സ്കൂളിൽ വിട്ടത് അപ്പയായിരുന്നു . പതിവു പോലെ പാലത്തിൽ കയറി. “അപ്പാ, അത് കണ്ടോ“? അതല്ലേ ഹനുമാൻ എന്ന് അപ്പ. അല്ല, അതാണ് ഗദമാൻ!

Wednesday, January 19, 2011

അതെ, ആ പഴയ ചോദ്യം തന്നെ

അമ്മ: അപൂ, കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത്?
അപു: പൂപ്പിയാ!